Sunday 3 March 2013

ഞാന്‍, നീ


ഞാന്‍ നടന്നു . 
പുലര്‍കാലത്തിന്റെ തണുപ്പുള്ള 
ഓര്‍മകളില്‍ 
നിന്റെ മുഖം 
പാതിമയക്കത്തില്‍ ആണ്ടിരിക്കുന്നു .
 സുഖമുള്ളൊരു നനവായി 
എന്റെ കാമതീക്ഷ്ണയെ നീ 
പൂവണിയിച്ചു . 
 പിന്നെയും എന്റെയീ യാത്രയില്‍ 
എത്രയെത്ര 'നീ' കള്‍!

ഞാന്‍ നടന്നു .
തിളച്ചുപോങ്ങിയുയരുന്ന 
പേക്കാറ്റ്  
എന്റെ മനസിലെ 
മഞ്ഞുപാളികളെ ഉരുക്കുന്നു . 
വേദനപൂണ്ട കണ്ണുകളുമായി 
എന്നെ യാത്രയാക്കുന്ന നീ. 
എന്റെയീ യാത്രയില്‍ 
പിന്നെയും  
എത്രയെത്ര 'നീ' കള്‍!

ഞാന്‍ നടന്നു .
തൃസന്ധ്യനേരതിതാ എന്റെ
കാല്പാടുകള്‍ 
ഓര്‍മയുടെ ഓളങ്ങളെ 
പുല്‌കുന്നു. 
മനസ്സില്‍ തളംകെട്ടിനിന്ന 
ഉപ്പുവെള്ളത്തില്‍
നിന്റെ 
ചോര മങ്ങിയ മുഖം. 
അച്ഛനെ കാണുവാന്‍ 
നിലവിളിക്കുന്ന വയറും താങ്ങി 
എന്റെ കാറിനടുക്കല്‍ 
വന്നു 
ജീവിതം യാചിക്കുന്ന നീ .
പിന്നെയും  എത്രയെത്ര 'നീ' കള്‍!

ഈ യാത്രയില്‍ 
എത്രയിടങ്ങളില്‍ ഞാന്‍ 
വിജയക്കൊടി കുത്തിക്കയറ്റി . 
എന്റെ അട്ടഹാസത്തില്‍ 
ലോകം നടുങ്ങി . 
ഞാന്‍ വിജയിച്ചുകൊണ്ടേയിരുന്നു 
ഒടുവില്‍ നീ എന്നെ 
തീക്കണ്ണുകളാല്‍ നോക്കും വരെ . 
നരച്ച തലയും ചീര്‍ത്ത ഉടലുമായി 
ഞാന്‍ കറുത്ത പെട്ടിക്കുള്ളില്‍ 
മണ്ണിലേയ്ക്കഴ്തപ്പെട്ടു .