Sunday 20 September 2020

ചങ്ങല

"സുനിക്കറിയുമോ എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഒരുപാടെന്നു പറഞ്ഞാൽ ... ഹാ ... ഒരുപാട് തന്നെ. "

ആ സംഭാഷണം ഒരു പുഞ്ചിരിയിൽ അവസാനിച്ചു. അവൾ വളരെ സുന്ദരിയായിരുന്നു. എത്രയോ തവണ ഞാൻ ആ സൗന്ദര്യം ആസ്വദിച്ചിരുന്നിരിക്കുന്നു. അപ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ചു പടുകുഴികൾ കീഴടക്കുകയും വാൻ പര്വതങ്ങളിൽ ചെന്ന് വീഴുകയും ചെയ്തു . 

അവൾ പറയുമായിരുന്നു, "ചങ്ങലക്കിട്ട ഒരാശയമാണ് ഭ്രാന്ത്, അതുകൊണ്ട് എനിക്ക് ഒരു ഭ്രാന്തിയായി തന്നെ ജീവിക്കാനാണിഷ്ടം". 

കൂടെയുള്ളവർ എന്നും അവളെ നോക്കി പരിഹസിക്കുമായിരുന്നു. അവരോടെല്ലാം അവൾക്ക് ഒരു മറുപടി മാത്രം, "നിങ്ങളെല്ലാം ഈ വലിയ ചങ്ങലയിലെ കണ്ണികളാണ്. പക്ഷെ എങ്ങനെ അവിടെ വന്നു പെട്ടെന്നുപോലും നിങ്ങൾക്കറിയില്ല. ഞാനും നിങ്ങളെപ്പോലെ ഒരു കണ്ണിയായി ഇഴുകിച്ചേരും. പക്ഷെ അന്നും എനിക്ക് എന്റെ വേരുകൾ അറിയാമായിരിക്കും". 

 

പതുക്കെ പതുക്കെ ഞാനും ഒരു ചങ്ങലക്കണ്ണി ആണെന്ന ബോധം എനിക്ക് ഉണ്ടാകാൻ തുടങ്ങി. എന്റെ ബോധത്തെ ഞാൻ ഭദ്രമായി ആശയത്തിനുള്ളിൽ ഒതുക്കി മനസിന്റെ ഇരുണ്ട അധ്യായങ്ങളിലെവിടെയോ ചങ്ങലക്കിട്ടു. 

 

ഒരു ദിവസം അവൾ എന്നെ തിരക്കിട്ട് കാണാൻ വന്നു. "സുനീ, എന്നെ അവർ ഒരു ഡോക്ടറെ കാണിച്ചു. പുള്ളി ഉറപ്പിച്ചത്രേ എനിക്ക് ഭ്രാന്താണെന്ന്! മണ്ടൻ ". അവളുടെ അന്നത്തെ ചിരി ഇന്നും എന്റെ കാതുകളെ കീഴ്പ്പെടുത്തുന്നു . "തനിക്കറിയുമോ അവർ എനിക്കായി ഒരു ചങ്ങല പണിയുന്നുണ്ട്. പക്ഷെ എനിക്ക് സമയമായിട്ടില്ല സുനീ, ഞാൻ തയ്യാറാകുന്നതിന് മുൻപേ എനിക്ക്  പോകേണ്ടിവരുമോ എന്ന് പേടി ഉണ്ട്. അതുമാത്രമാണ് എന്നെ ഭയപ്പെടുത്തുന്നത്" . 

 

വീട്ടിനുള്ളിൽ ചങ്ങലയിൽ തളക്കപ്പെട്ട അവളെയാണ് ഞാൻ പിന്നീട് കണ്ടത്. തന്റെ വലതുകാലിലെ ചങ്ങലക്കണ്ണികളെ പ്രണയിച്ചുകൊണ്ട് നിലത്തു കിടക്കുകയായിരുന്നു അവൾ. എന്നെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു പുഞ്ചിരിച്ചു. "ഞാൻ സന്തോഷവതിയാണ് സുനി . ഞാൻ തയ്യാറാണ്". 

പിന്നീടവൾ പതിയെ അലിയാൻ തുടങ്ങി. തന്റെ ഒരായിരം ഭ്രാന്തുകളുമായി അവൾ കാലിലെ ആ ചങ്ങലയുടെ ഒരു പുതിയ കണ്ണിയായി ഇഴുകിച്ചേർന്നു.

 

No comments:

Post a Comment