Friday 4 November 2016

ഒസ്യത്തു


ഭൂമി തറവാട്ടിലെ പെണ്ണ് എഴുതുന്ന ഒസ്യത്തു എന്തെന്നാൽ.....

ഞാൻ കൗമാരത്തിന്റെ ബാലിശതകളെ വിട്ട് യൗവനം ആഘോഷിക്കുന്ന ഒരു യുവതിയാണ്. മൊട്ടിനെക്കാൾ സൗരഭ്യം പൂവിനായതുകൊണ്ടും ഈ പ്രായം എല്ലാ പെൺകുട്ടികൾക്കും ഒരു ശാപമായതുകൊണ്ടും കഴിയുന്നത്ര വേഗം ഒരു ഒസ്യത് എഴുതി വച്ചേക്കാമെന്നു കരുതി.
 ഒരുപക്ഷെ നാളെ ഞാനും തെരുവോരങ്ങളിൽ ഒറ്റപ്പെട്ടേക്കാം, ഒഴിഞ്ഞ വീടുകളിൽ എത്തിപ്പെട്ടേക്കാം, കൂട്ടുകാരനൊപ്പം ബസ്സിൽ കാണപ്പെട്ടേക്കാം, ട്രെയിനിന്റെ ചൂളം വിളിയിൽ മുങ്ങിപ്പോയേക്കാം, പക്ഷെ ഒന്നിനും ഉത്തരവാദികളെ തിരയരുത്. എല്ലാത്തിനും കാരണം ഞാനാണ്. ഞാൻ മാത്രം.
 കാരണം പ്രകോപന പരമായ വസ്ത്രങ്ങൾ ഞാൻ ധരിക്കാറുണ്ട്. രാത്രി വൈകിയും ഞാൻ സമൂഹത്തിൽ ഇടം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. കൂടെ ആരും ഇല്ലെങ്കിലും ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. എന്നെ തോണ്ടിയ ഒരു സഹോദരനെ ഞാൻ തല്ലിയിട്ടുണ്ട്. എന്റെ മാറിലേക്ക് നോക്കി നിന്ന ഒരു അനുജനെ ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്. കൂടെ പോരുന്നോ എന്ന് ചോദിച്ച ഒരു അപ്പൂപ്പനെ ഞാൻ നോക്കി പേടിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും ഇന്ന് ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാരുടെയും ഉദ്ദേശ ശുദ്ധിയെ ഞാൻ മാനിക്കുന്നു. 
എന്നെ സുരക്ഷിതയാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ എല്ലാം ഞാൻ അപ്പാടെ തടഞ്ഞുപോയി. എന്നോട് ക്ഷെമിക്കു സഹോരങ്ങളെ. നിങ്ങള്ക്ക് വേണ്ടിയാണു എന്റെയീ ഒസ്യത്തു.
ഞാൻ മരിച്ചാൽ ആദ്യം എന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു കളയുക. എന്റെ ശരീരം നിങ്ങൾ എല്ലാവരും കണ്ടു തീരും വരെ പൊതുദർശനത്തിനു വക്കുക. അതിലെ ഒന്ന് പോലും അവശേഷിപ്പിക്കാതെ എല്ലാം നിങ്ങൾ എടുത്തുകൊള്ളുക. എന്നെ ഒറ്റ ശരീരമായി ബാക്കി വെക്കരുത്. ജീവനുള്ളപ്പോൾ നിങ്ങൾ എനിക്ക് തന്ന എല്ലാ സംരക്ഷണവും എന്റെ ശവശരീരത്തിനും കൊടുക്കുക. ഭാവിയിൽ എങ്ങനെ സഹോദരിമാരെ സംരക്ഷിക്കാം എന്ന് നിങ്ങളുടെ അനന്തര തലമുറക്കും കാണിച്ചുകൊടുക്കുക. 

നമുക്ക് വേണ്ടത് പെന്ഡുലങ്ങളാണ്. അവ നൽകുന്ന സുരക്ഷിതത്വമാണ്. പ്രതികരിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും തല മുണ്ഡനം ചെയ്തു ചുട്ടി കുത്തണം. സഹോദരങ്ങളെ, നിങ്ങൾ അത് ചെയ്യുമല്ലോ. ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ കൂടി നിങ്ങളുടെ പെൺ മക്കൾക്ക് പറഞ്ഞു കൊടുക്കുക. 

ഒരു കാര്യം മാത്രം എനിക്ക് നൽകിയാൽ മതി - എന്റെ പേര്. 

 ഒസ്യത്തു അവസാനിക്കുന്നു. 




പേര് 
(ഒപ്പു )


No comments:

Post a Comment