Friday 4 November 2016

പെൻഡുലം




അസഹനീയമായ വേദന. കണ്ണ് തുറന്നു. ആദ്യം കണ്ണിൽ പെട്ടത് ചുവരിൽ തൂങ്ങി കിടക്കുന്ന ഒരു പെൻഡുലം ക്ളോക്ക് ആണ്. അതിന്റെ പെൻഡുലം ആടിക്കൊണ്ടേയിരുന്നു, എന്റെ ആയുസ്സിനെ അരിയുന്ന ഒരു വാല് പോലെ.

കണ്ണടച്ചു. കത്തിപ്പടരുന്ന വേദന. വാ തുറക്കാനാവുമായിരുന്നെങ്കിൽ ഒന്നുറക്കെ കരയാമായിരുന്നു. വീണ്ടും കണ്ണ് തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. അതിനു പിന്നിൽ രണ്ടു ബലിഷ്ഠമായ കാലുകൾ. ക്ളോക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ടോ...?

കണ്ണുകളടച്ചു. അസഹനീയമായ വേദന. ശരീരത്തിൽ നിന്നാണോ ഈ മണം? ചോരയുടെ മണം ..... ഇത്ര നാൾ കൂടെ ഉണ്ടായിരുന്ന കൈകളും കാലുകളും ഇന്നെവിടെയാണെന്നറിയില്ല. പേടിച്ചൊളിച്ചിരിക്കുകയാവും. കണ്ണുകൾ തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. പുറകിൽ ശോഷിച്ച കാലുകൾ. ക്ളോക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്.

കണ്ണുകൾ കൂട്ടിയടച്ചു. വയ്യ. ആവുമായിരുന്നെങ്കിൽ കാലുകൾ ഒന്ന് വിറപ്പിക്കാമായിരുന്നു, കൈ വിരലുകൾ ഒന്നനക്കാമായിരുന്നു. എനിക്ക് വേദനിക്കുന്നു എന്ന് ആരോടെങ്കിലും ഒന്ന് പറയാമായിരുന്നു. ശ്വാസം പോലും എനിക്ക് വേണ്ടി മറ്റാരോ വലിക്കുന്നതുപോലെ.

വീണ്ടും കണ്ണുകൾ തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. പുറകിൽ കാലുകളില്ല. ക്ളോക്ക് എന്നെ നോക്കി ചിരിക്കുകയാണ്.

കണ്ണടച്ചു. കൈകളും കാലുകളുമില്ലാതെ, അസഹനീയമായ വേദനയോടെ ഇനിയും എത്രയോ "ഞാൻ" ഇവിടെ വന്നു കിടക്കും.... അപ്പോഴും പെന്ഡുലങ്ങൾ ആടിക്കൊണ്ടിരിക്കും. കണ്ണുതുറന്നു. വലത്തേ കൈ കൂടെ തന്നെ ഉണ്ട്. തല ചരിച്ചു. ഇടത്തെ കൈ ശരീരത്തോട് ചേർത്ത് വച്ചു. പതുക്കെ എഴുന്നേറ്റിരുന്നു. കാലുകളെയും ചേർത്തുറപ്പിച്ചു. മേലാസകലം ആഴ്നിറങ്ങിയിരുന്ന സൂചികൾ വലിച്ചു കളഞ്ഞെഴുന്നേറ്റു. പെൻഡുലം അപ്പോഴും ആടിക്കൊണ്ടിരുന്നു. ബ്ലഡ് ബോട്ടിൽ തൂക്കിയിട്ട സ്റ്റാൻഡ് എടുത്തു പെന്ഡുലത്തിനു നേരെ വീശി. അറ്റുപോയ പല്ലിവാലുപോലെ അത് നിലത്തു കിടന്നു പിടഞ്ഞു. ക്ളോക്കിൽ നിന്നും ചോരത്തുള്ളികൾ നിലത്തേക്ക് പതിച്ചു. ക്ളോക്ക് നിശ്ചലനായി എന്നെ നോക്കി. ഞാൻ ചിരിച്ചു, പൊട്ടിച്ചിരിച്ചു, അട്ടഹസിച്ചു. എന്റെ ചിരിയിൽ ആകാശഗോളങ്ങൾ പോലും പങ്കുചേർന്നു.

മുറി തുറന്നു പുറത്തിറങ്ങി നടന്നു, അടുത്ത പെൻഡുലം ക്ളോക്കിനെ ലക്ഷ്യമാക്കി....



No comments:

Post a Comment